പൊതുജന ഗ്രന്ഥാലയം സെക്രട്ടറി ശ്രീ. എം.സുധാകരൻ ഈ ശ്രമകരമായ ദൗത്യത്തെ കുറിച്ച് എഴുതിയ കുറിപ്പ് ...


 സ്മൃതി  

 ജനിച്ചവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ മരണപ്പെടും.   മൃതദേഹങ്ങള്‍ ഏത് ജാതിക്കാരുടെതായാലും പൊതുവായ ഒരിടത്ത് സംസ്കരിക്കാന്‍ സൌകര്യമൊരുക്കുക എന്നത് മാനവികതയുടെ ഉയര്‍ന്ന ലക്ഷണമാണ് 

ഉറ്റവരുടെ എന്നെന്നേക്കുമുള്ള വേര്‍പാട് പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. എന്ന ആ ഭീകരതയെ ഇല്ലായ്മ ചെയ്ത് മാനസിക സമ്മര്‍ദവും കഠിനമായ ദു:ഖവും ലഘൂകരിക്കാന്‍ ചുടലക്കളങ്ങളെ സ്വര്‍ഗകവാടമാക്കാനുള്ള  ശ്രമത്തിലാണ് ഏഴോം പഞ്ചായത്തിലെ നരിക്കോട് എന്ന ഗ്രാമത്തില്‍ 50 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന നരിക്കോട് പൊതുജന ഗ്രന്ഥാലയം എന്ന സാംസ്കാരിക സ്ഥാപനം.  ഏറ്റവും പ്രീയപ്പെട്ടവരെ യാത്രയാക്കാന്‍ എത്തുന്നവര്‍ക്ക് മനസില്‍ ശ്മശാനങ്ങളെ സ്വര്‍ഗത്തിലേക്കുള്ള ഒരു കവാടമെന്ന പ്രതീതിയുണ്ടാക്കാന്‍ ആധുനിക രീതിയില്‍ പണി കഴിപ്പിച്ച പൊതു ശ്മശാനം "സ്മൃതി" കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ പി പി  2022 ജനുവരി 16 നു രാവിലെ 9 മണിക്ക് നാടിന് വേണ്ടി സമര്‍പ്പിക്കുന്നു. 

    

നരിക്കോട് പൊതുജന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പണി കഴിപ്പിച്ച ഈ ശ്മശാനത്തില്‍ ഒരേ സമയം രണ്ട് ചൂളകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യമുണ്ട്.  . എങ്ങും എവിടേയും വാസസ്ഥലങ്ങള്‍ നിറഞ്ഞ നാട്ടില്‍ അന്തരീക്ഷ മലിനീകരണം ഇല്ലാതെയും ചെലവ് കുറഞ്ഞ രീതിയിലും നിര്‍മ്മിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.  100 പേര്‍ക്കു ഇരിക്കാവുന്ന ഇരിപ്പിടങ്ങളും  അത്ര തന്നെ ആളുകള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വിശ്രമിക്കാനും സാധിക്കും. യാത്രാമൊഴിയെകാന്‍ പിടയുന്ന മനസുമായി എത്തുന്നവര്‍ക്ക് ഒരു സുഖകരമായ അന്തരീക്ഷം നല്‍കുവാനും ഇവിടെ സാധിക്കുന്നു. വിശാലമായ മുറ്റവും മനോഹരമായ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഇവിടെയുണ്ട്. ഉറ്റവരുടെ അന്ത്യവിശ്രമ സ്ഥലത്തു എപ്പോള്‍ വേണമെങ്കിലും വരാനും ദീര്‍ഘനേരം വിശ്രമിക്കാനുമുള്ള സൌകര്യം ഇവിടെയുണ്ട്. ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ചു   കഴിഞ്ഞു. പൊതുജനങ്ങളുടെ നിർലോഭമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത് 

കേരളത്തില്‍ ആദ്യമായായിരിക്കും ഒരു ഗ്രന്ഥാലയം ഇത്തരമൊരു സംരംഭം എടുത്തു വിജയിപ്പിക്കുന്നത്.  ഒരു നാട്  വായനശാല പ്രവര്‍ത്തകരില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ബലത്തിലാണ് അതിസാഹസികമെന്ന് തോന്നുന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ഇവര്‍ക്ക് ധൈര്യം ലഭിച്ചത്. 

    “ഇവിടെയുണ്ട് ഞാനെന്നറിയിക്കുവാന്‍ 

    മധുരമായൊരു കൂവല്‍ മാത്രം മതി"

    ശ്രീ  പി.പി. രാമചന്ദ്രന്റെ  ലളിതം എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. 

അതേ, ഇവിടെ ഇങ്ങനെയൊരു വായനശാലയും ഉണ്ടെന്നതിന് സാക്ഷ്യമായി ഈ പൊതുശ്മശാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്.

ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും ശ്രീ. കെ.വി.കുഞ്ഞികൃഷ്ണൻ (പ്രസിഡണ്ട്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) മുഖ്യാതിഥിയാകും. 


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: