പ്രിയരേ,

ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതും പ്രദേശത്താകെ ശുദ്ധജലസമൃദ്ധി ഉറപ്പ് വരുത്തുന്നതുമായ വലിയ ജലസംഭരണിയായി നിലകൊള്ളുന്നതാണ് ഏഴോം പഞ്ചായത്ത് കുളം (അമ്പലക്കുളം). വർഷങ്ങളായി നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കുളം പുനർനിർമ്മിച്ച്  പ്രദേശത്തെ കാർഷിക, ആരോഗ്യ, ജലസംരക്ഷണ മേഖലകൾക്കാകെ പുത്തനുണർവേകണം എന്ന ആവശ്യം വർഷങ്ങളായി സൂഹത്തിൻ്റെ പല മേഖലകളിൽ നിന്നും ഉയർന്നു വരുന്നു. ഭാരിച്ച ചിലവ് വരുന്ന പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതിയും വർഷങ്ങളായി ശ്രമം നടത്തി വരുന്നു. 2021-22 സാമ്പത്തീക വർഷം നഗര സഞ്ചയങ്ങൾക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയ്ക്കുള്ള ആദ്യഘട്ടം പദ്ധതിക്ക് അനുമതി ലഭി ക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ഈ ആഹ്ളാദ മുഹൂർത്തത്തിൽ വലിയ ജനകീയ പങ്കാളിത്തം പ്രസ്തുത പ്രവൃത്തിയിൽ ഉണ്ടാകണം എന്ന് പഞ്ചായത്ത് ഭരണസമിതി ആഗ്രഹിക്കുന്നു. വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളി നീക്കുക എന്നത് ഭഗീരഥപ്രയത്നത്തിലൂടെയേ സാധിക്കൂ. 17-04-2022 ന് ഞായറാഴ്ച്ച ശ്രമദാനത്തിലൂടെ ചെളിനീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തെ മുഴുവൻ വ്യക്തികളും സംഘടനകളും പ്രസ്തുത പരിപാടിയിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്നവർ ഞായറാഴ്ച രാവിലെ 7.30 ന് ചെളിനീക്കം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളുമായി ( ബക്കറ്റ്, സിമൻ്റ് ചട്ടി, മൺവെട്ടി etc) എത്തിച്ചേരാൻ ശ്രദ്ധിക്കണം. ഒരു കാലത്ത് സാർവ്വത്രികവും കാലത്തിൻ്റെ ഗതിവേഗത്തിൽ വിസ്മൃതമാകുകയും ചെയ്യുന്ന ഇത്തരം ഗ്രാമീണ നൻമകൾ (ശ്രമ ദാനം) തിരിച്ചുപിടിക്കൽ കൂടിയാകട്ടെ ഈ കൂട്ടായ്മ ...

സസ്നേഹം,

പ്രസിഡണ്ട്,

ഏഴോം ഗ്രാമ പഞ്ചായത്ത്.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....






Post A Comment: