കാബൂളിവാല അരങ്ങിലേക്ക്.....
(കാബൂളിവാലയായ് അരങ്ങിൽ... രവി ഏഴോം)പുറത്ത് വെളിച്ചമണയുന്നു...
അകത്ത് ദീപം തെളിയുന്നു ..
യവനിക ഉയരുന്നു...
അരങ്ങിൽ സത്യം പിടയുന്നു ...
കരിവെള്ളൂർ മുരളിയുടെ ജീവൻ തുടിക്കുന്ന വരികൾ ഉറക്കെ പാടി അരങ്ങുകൾ എങ്ങും ഉണരുകയായി. ഒറ്റയ്ക്കും രണ്ടും മൂന്നും പേരുമായും കൂട്ടമായും നാട്ടകങ്ങളിൽ പതിയെ നാടകക്കാരന്റെ ശബ്ദങ്ങൾ ഉയർന്നു തുടങ്ങി. കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പടർന്നതോടെ എല്ലാം അടച്ചു പൂട്ടലുകളിലേക്ക് പോയപ്പോൾ സ്വാഭാവികമായും അരങ്ങിന്റെ യവനികയും പതിയെ താഴ്ന്നു. വേദിയിൽ ഇരുട്ടുപരന്നപ്പോൾ മൂടികെട്ടിയത് കലാകാരന്റെ ജീവിതം കൂടിയായിരുന്നു. 19 മാസത്തെ ഇടവേളക്കു ശേഷം അരങ്ങുകൾ ഉണരാൻ തുടങ്ങി. മറ്റു കലാരൂപങ്ങൾക്കൊപ്പം നാടകത്തിന് ഏറെ പ്രാധാന്യമുള്ള ഏഴോം ഗ്രാമത്തിന്റെ മണ്ണിൽ നിന്നും പുതിയ ഒരു ഏകപാത്ര നാടകം ഇന്ന് (26/10/2021) അരങ്ങിലേക്കെത്തുന്നു. പ്രശസ്ത ശില്പി ശ്രീ.കെ.കെ.ആർ. വെങ്ങര രചനയും സംവിധാനവും നിർവഹിക്കുന്ന കാബൂളിവാല.......
പ്രമുഖ നാടക പ്രവർത്തകൻ രവി ഏഴോം കാബൂളിവാലയായി വേഷമിടുന്നു.
ചിത്രത്തിലും, ശില്പത്തിലും, സ്വയം സമർപ്പിക്കുമ്പോഴും, നാടകത്തിന്റെ നടവഴികളിലെല്ലാം തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുള്ള കെ.കെ.ആർ. ഒരു ഏക പാത്ര നാടകമൊരുക്കുന്നത് ആദ്യമായാണ്.
(കാബൂളിവാല എന്ന ഏകപാത്ര നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച കെ.കെ.ആർ.വെങ്ങര)
രവീന്ദ്രനാഥ ടാഗോറിൻ്റെ പ്രശസ്ത കഥാപാത്രം കാബൂളിവാല വർത്തമാനകാലത്തെ കാബൂളിൽ എത്തിയാൽ ഉണ്ടാകുന്ന മാനസികസംഘർഷങ്ങളും നേരിടേണ്ടിവരുന്ന പ്രതിസന്ധികളും പ്രേക്ഷകരുമായി പങ്കുവെക്കുന്നതാണ് നാടകം. യുദ്ധത്തിനെതിരെ മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ കലാസൃഷ്ടി. 45 മിനുട്ട് ദൈർഘ്യമുണ്ട് ഈ ഏകപാത്ര നാടകത്തിന്. നെരുവമ്പ്രം പി കെ നാരായണൻ സ്മാരക ഓഡിറ്റോറിയത്തിൽ ഇന്ന് (26.10.2021) വൈകീട്ട് 6 മണിക്ക് ശ്രീ.ഇ.പി.രാജഗോപാലൻ നാടകം ഉദ്ഘാടനം ചെയ്യും. നാടക് തളിപറമ്പ് മേഖല പ്രസിഡണ്ട് ശ്രീ.പ്രേമൻ പറശ്ശിനി അധ്യക്ഷത വഹിക്കും. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ നാടക പ്രതിഭകളെ ആദരിക്കും.
ആദരവ് ഏറ്റുവാങ്ങുന്നവർ.
സർവ്വശ്രീ.ധർമ്മൻ ഏഴോം, കെ.പി.ഗോപാലൻ, പപ്പൻ ചിരന്തന, കണ്ണോം ബാലകൃഷ്ണൻ, മധു വെങ്ങര, കെ.പി.കെ വെങ്ങര, എം.പി.പവിത്രൻ, കടമ്പേരി രവി, മോഹനൻ മുള്ളിക്കൽ, ഫ്രാങ്കോ താവം, സജി സരിഗ, സ്റ്റാൻലിൻ ചൂരിക്കാടൻ. ചടങ്ങിൽ നാടക് ഒരുക്കിയ ഒപ്പരം ഭാഗ്യനിധിയുടെ ഉദ്ഘാടനം പ്രശസ്ത അഭിനേത്രി ശ്രീമതി രജിത മധു നിർവഹിക്കും.
നാട്ടകം ചെറുതാഴവും നാടക കലാകാരന്മാരുടെ കൂട്ടായ്മയായ നാടക് തളിപ്പറമ്പ് മേഖലാ കമ്മിറ്റിയും ചേർന്നാണ് കാബൂളിവാല അരങ്ങിലേക്കെത്തിക്കുന്നത് .
.....ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ....
Post A Comment: