ടൂറിസം 

കുളിർമ്മയുടെ കാഴ്ച്ച വസന്തം ഒരുക്കി ഏഴിലം എഴോത്തിനു അഭിമാനമാകുന്നു.

ഏഴോം നാടിന്റെ അഭിമാനമായ ഏഴിലം ടൂറിസം..

തിരക്കുകളിൽ നിന്നും മാറി ശുദ്ധവായു ശ്വസിച്ചും നയനാനന്ദകരമായ കാഴ്ചകളും ആസ്വദിച്ചുള്ള വിനോദയാത്ര സഞ്ചാരപ്രിയരെ എന്നും ആകർഷിക്കുന്ന ഘടകമാണ്.  അങ്ങിനെയൊരു അനുഭൂതി സമ്മാനിക്കുകയാണ് കണ്ടൽ കാടുകൾ നിറഞ്ഞ സുന്ദരമായ പുഴയോരമുള്ള ഏഴോം ഗ്രാമം. 

ഏഴോം ഗ്രാമപഞ്ചായത്തിലെ നിലവിലെ ഏറ്റവും വലിയ ടൂറിസ്റ് സ്‌പോട്ടായി മാറുകയാണ് ഏഴിലം. ഏഴോം സർവീസ് സഹകരണ  ബാങ്ക് 2018 ഏപ്രിൽ മാസം മുതലാണ് ബാങ്കിന്റെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പഴയങ്ങാടി കുപ്പം പുഴ കേന്ദ്രമാക്കി ആഗ്രോ റിവർ ടൂറിസം സംരംഭം ആരംഭിച്ചത്.  

മാലിന്യ മുക്തമായ ഈ പുഴയിലൂടെ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് ജൈവ സംബന്ധമായ ഏഴോം കൈപ്പാട് അരി കൊണ്ടുള്ള ഊണും പുഴയിലെ കരിമീൻ, ചെമ്മീൻ, ഞണ്ട് എന്നിവ എല്ലാം ഉപയോഗിച്ചു കൊണ്ടുള്ള കറികളും ഒപ്പം കാഴ്ചകളും ചേരുമ്പോൾ മനസ്സും ശരീരവും നിറയുന്ന അവാച്യമായ ഒരു അനുഭൂതി തന്നെയാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. 

ആദ്യ  വർഷം കൊണ്ട് തന്നെ തദ്ദേശീയരും വിദേശീയരുമായ എത്രയോ യാത്ര സംഘങ്ങൾ ഏഴിലം ടൂറിസം സേവനങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

മൂന്ന് നേരവും ഭക്ഷണമുൾപ്പെടെ 15 പേർക്ക് 16,000.00 (പതിനാറായിരം) രൂപയാണ് ഒരു പകൽ ബോട്ട് യാത്രക്ക് ഈടാക്കുന്നത്.  പുഴയ്ക്കു കുറുകെ തെങ്ങിൻ തടിയും പലകയും ഉപയോഗിച്ച് ഒരു ടൂറിസ്റ്റ് പാലം കൂടി തയ്യാറാവുകയാണ്.  

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു മാസങ്ങളായി ടൂറിസം മേഖല തകർച്ചയിലായിരുന്നു.നിലവിൽ കമ്പനിയുടെ ചെയർമാൻ അബ്ദുൾഖാദർ പനക്കാടാണ്. 

പി.പി.രവീന്ദ്രൻ, ബാങ്ക് പ്രസിഡണ്ട് എം.കെ.സുകുമാരൻ , ബാങ്ക് സെക്രട്ടറി ഇ.വേണു എന്നിവരടങ്ങിയ 15 അംഗ ഡയറക്ടർ ബോർഡാണ് ഭരണനിർവ്വഹണം നടത്തുന്നത്.  ബോട്ട് ജീവനക്കാരും ഓഫീസ് ജീവനക്കാരുമായി 9 പേരാണ് ഉള്ളത്.  എരിപുരം കുപ്പം റോഡിന് വശത്തായി ആധുനിക രീതിയിൽ സജ്ജീകരിച്ച ഒരു ബുക്കിംഗ് ഓഫീസ് കൂടി പ്രവർത്തിക്കുന്നുണ്ട്.


6 പുഴകളെ ബന്ധിപ്പിച്ച് സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന മലബാർ മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ വിശാലമായ സാധ്യതയെ ഉപയോഗപ്പെടുത്തി ഏഴിലം എന്ന പേരിൽ ടൂറിസം പദ്ധതിയുമായാണ് ബാങ്ക് മുന്നോട്ടു പോവുന്നത്. 

കുപ്പം പുഴയിലൂടെ മനം കവരുന്ന മനോഹരമായ കാഴ്ചകൾ കണ്ട് ഒരു ജലയാത്ര. ഏഴോം കോട്ടക്കീൽ കടവിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പാക്കേജുകൾ ഏർപെടുത്തിയിട്ടുണ്ട്. കുപ്പം പുഴയിലൂടെ ഏഴോത്തെ പൊക്കാളി കൃഷി, ചെമ്മീൻ കണ്ടി, കണ്ടൽ കാടുകൾ എന്നിവയ്ക്ക് പുറമെ നാടൻ മൽസ്യ ബന്ധനം, പ്രാദേശികമായ ജീവിത രീതികൾ, ക്ഷേത്രങ്ങൾ എന്നിവയൊക്ക കണ്ട് യാത്ര ചെയ്യാം.

ബോട്ട് യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം, ബാങ്കിന്റെ നിയന്ത്രണത്തിൽ നാട്ടിൻപുറത്ത് കൃഷി ചെയ്‌ത്‌ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ചാണ്. ഇതിലൂടെ സമീപ പ്രദേശത്തെ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും വരുമാന മാർഗ്ഗം കൂടി ബാങ്ക് തുറന്നു കൊടുത്തു. കൃഷിയും തൊഴിലും സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസനം അതാണ് ലക്ഷ്യം. വിനോദ സഞ്ചാരികൾക്കായി കടവുകളോട് ചേർന്ന് നാടൻ ഭക്ഷണശാലകളും ഒരുക്കുന്നുണ്ട്. പിലാത്തറ കെ.എസ്.ടി.പി.റോഡും താവം മേൽപ്പാലവുമെല്ലാം യാഥാർഥ്യമായതോടെ കണ്ണൂരിൽ നിന്നും ഏഴോത്തേക്ക് വളരെ പെട്ടന്ന് എത്താൻ സാധിക്കും. ഇത്രയും മനോഹരമായ രീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ട ഏഴിലം ടൂറിസം ഏഴോം ഗ്രാമപഞ്ചായത്തിന് അഭിമാനം തന്നെയാണ്.  


Post A Comment: