പ്രിയരേ....

ഏഴോം ഗ്രാമ ചരിത്രത്തന്റെ ഇതളുകൾ വിരിയുന്ന "ഗ്രാമചരിത്രമുണരുമ്പോൾ" എന്ന പുസ്തകത്തിലെ മുഴുവൻ താളുകളും ഓരോ ആഴ്ചയിലും നിങ്ങളുടെ വിരൽ തുമ്പിൽ ഒരു തുടർക്കഥ വായിക്കുന്നപോലെ അനുഭവവേദ്യമാകും എന്ന കാര്യത്തിൽ യാതൊരു സംശയുവുമില്ല.
ezhomegramapanchaythmedia.com എന്ന വെബ്‌സൈറ്റിലൂടെ ഈ ചരിത്രങ്ങൾ ഓരോന്നും ഞങ്ങൾ അഭിമാനത്തോടെ നിങ്ങൾക്ക് മുൻപിലേക്ക് എത്തിക്കുകയാണ്. ഈ പുസ്തകം പ്രകാശിതമാകുമ്പോൾ ശ്രീ.സി.വി.കുഞ്ഞിരാമൻ ആയിരുന്നു ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ഏഴോം ഗ്രാമത്തിന്റെ പ്രാദേശിക ചരിത്ര രചനാ പുസ്തകത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു  പ്രൊഫ:എം.വി.കണ്ണൻ. ഇവരുടെ രണ്ടുപേരുടെയും കുറിപ്പുകളോടെ ഈ പുസ്തകത്തിന്റെ ചരിത്ര താളുകൾ നിങ്ങൾക്ക് മുന്നിലേക്ക് സാഭിമാനം അവതരിപ്പിക്കട്ടെ.. 

ഏഴോം ഗ്രാമത്തിലെ ഓരോരുത്തർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഈ ചരിത്ര പുസ്തകം ഒരു വേറിട്ട അനുഭവമാകും.

അഭിവാദ്യങ്ങളോടെ
പി.ഗോവിന്ദൻ 
പ്രസിഡണ്ട് 
ഏഴോം ഗ്രാമപഞ്ചായത്ത്.      

അക്വാബിന്റെ ചരിത്രം.

ഏഴോം ഗ്രാമപഞ്ചായത്ത് ഒരു നെല്ലറയാണ് ചിറക്കൽ താലൂക്കിന്റെ അക്വാബ്. ഏഴോം-കേരളത്തിന്റെ ഒരു പരിഛേദമാണ്. മലനാടും ഇടനാടും തീരപ്രദേശവും ഉൾകൊള്ളുന്ന മണ്ണ്. അക്വാബ് ബർമയിലെ ഒരു ഗ്രാമമാണ്.ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നെല്ല് വിളയുന്നത് അവിടെയാണ്. ഇന്നത്തെ കണ്ണൂർ ജില്ല  മുഴുവൻ ഉൾപ്പെട്ടതാണ് അന്നത്തെ ചിറക്കൽ താലൂക്ക്.ചിറക്കൽ താലൂക്കിൽ ഏറ്റവും കൂടുതൽ നെല്ല് വിളയുന്നത് ഇവിടെ ആയിരുന്നു.

ഏഴോത്തെ വളർന്നു വരുന്ന പട്ടണമാണ് നെരുവമ്പ്രം. അതിനു കിഴക്കായി നരിയനക്കും പാറ എന്ന കുന്നിൻ പ്രദേശമുണ്ട്. വാണ്യത്തി കല്ലെന്നറിയപെടുന്ന ഇരട്ടപ്പാറയും നരിപ്പാർത്തിരുന്നു എന്ന് കരുതുന്ന മാളമുള്ള പാറയും ഇവിടെയാണ്. ഇവിടെ നിന്ന് നിന്ന് നോക്കിയാൽ കിഴക്കു,തെക്കു,പടിഞ്ഞാറു ഭാഗങ്ങൾ മുഴുവൻ കാണാം. കണ്ണെത്താദൂരത്തോളം കായലും കരയും കൈപ്പാടുമാണ്.സന്ധ്യാസമയത്ത് ഇവിടെ നിന്ന് നോക്കിയാൽ പുലയ ചാളകളിൽ നിന്ന് മണ്ണെണ്ണ വിളക്കിന്റെ പ്രകാശം ഒരു പൊട്ടു പോലെ കാണാം. ആകാശചെരുവിൽ കണ്ണ് ചിമ്മി തുടിക്കുന്ന നക്ഷത്രങ്ങളെപോലെ എന്ന് കവിഹൃദയം വർണ്ണിച്ചിട്ടുണ്ട്. വരിനെല്ല് ഉമിയിരിക്കഞ്ഞി വെച്ച്‌ വലത്താൻ മീനും പുഴക്കലെ ഞണ്ടും കൂട്ടി കറിവെക്കുകയും കഞ്ഞികുടിക്കുകയും ചെയ്ത പൂമാതൈപൊന്നമ്മമാർ കഴിഞ്ഞു കൂടിയ ഇടമാണ് അത്.

ഇന്ന് നമ്മുടെ നാട് കണ്ടാലറിയാത്ത വിധം മാറിയിരിക്കുന്നു. മലബാറിലെ മറ്റു പ്രദേശങ്ങളെ പോലെ ഇവിടെയും ഗ്രാമ പുരോഗതിക്ക് തടസ്സമായി നിന്നതു ജാതിയും ജന്മിയും തന്നെ.     

പർവ്വതങ്ങളെ നീക്കം ചെയ്ത വൃദ്ധന്റെ കഥ കേട്ടിട്ടുണ്ട്. മലയോട് കലമെറിഞ്ഞാൽ കലം പൊളിയും മലയ്ക്ക് ഒന്നും പറ്റില്ല എന്നായിരുന്നു വിശ്വാസം. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി തീർത്തവർ നമുക്ക് മുൻപേ കടന്നു പോയി. പയ്യരട്ട നാരായണൻ മണിയാണിയും ടി. ശങ്കരവാര്യരും കാവിലെവളപ്പിൽ തായലെ പുരയിൽ കുഞ്ഞിരാമനും കാക്കമാണി കുഞ്ഞിക്കണ്ണനും ഇട്ടമ്മൽ കോരനും ജനിച്ച്   ഇവിടെയാണ് അവരുടെ ജീവിതം ചരിത്രത്തിന്റെ ഭാഗമാണ്. വിവരിക്കാൻ മുതിരുന്നില്ല. 

നമ്മുടെ ഗ്രാമത്തിന്റെ ചരിത്രം പ്രകാശനം ചെയ്യപ്പെടുകയാണ്. മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ ഏഴോം വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് പഞ്ചായത്തതായി മാറിയത്. പഞ്ചായത്ത് ചരിത്രത്തിന്റെ നഖ ചിത്രം 1999 ൽ തന്നെ കോറിയിട്ടിരുന്നു. ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമിട്ടത് അന്നാണ്.അതിനായി രൂപപ്പെടുത്തിയെടുത്ത വികസന രേഖയിൽ ഈ സമഗ്ര ചരിത്രത്തിന്റെ  ബീജം കുടി കൊള്ളുന്നുണ്ട്. നമ്മുടെ പഞ്ചായത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയാത്ത വിശാലമായ ക്യാൻവാസിൽ വരക്കേണ്ട ഒന്നാണ് നമ്മുടെ ചരിത്രം. ഇതിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ വായനക്കാർക്കു അക്കാര്യം ബോധ്യപ്പെടും.

2005 ൽ അധികാരത്തിൽ വന്ന പഞ്ചായത്ത് ഭരണസമിതിയാണ് ഈ ചരിത്ര നിർമ്മാണത്തിന്റെ പ്രൊജക്ട് 2006 - 2007 വർഷത്തിൽ ഉൾപ്പെടുത്തിയത്.

ഏഴോം ഗ്രാമ പഞ്ചായത്തിന്റെ ഈ ചരിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് രണ്ടു വ്യക്തികളോടാണ്.  01 പ്രൊഫ : എം.വി.കണ്ണൻ മാസ്റ്റർ.02 കെ.കുമാരൻ മാസ്റ്റർ. രണ്ടു പേരും ഏഴോം ഗ്രാമക്കാർ തന്നെ. ചരിത്ര രചനയ്ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപദേശ നിർദേശങ്ങൾ നൽകി സഹായിക്കുകയും സംശയ നിവൃത്തി വരുത്തി തരികയും തരികയും ചെയ്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓ.വി. നാരായണൻ അവർകളുടെ പേരും സ്പർശിക്കാതിരിക്കാനാവില്ല. മദിരാശി സംസ്ഥാനത്ത് മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ ഏഴോം വില്ലേജ് പ്രദേശമാണ് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രദേശം.

വിവരങ്ങൾ നൽകുവാനും അവ ശേഖരിക്കുവാനും അനേകം വ്യക്തികളും ചരിത്ര കുതുകികളും നിർലോഭമായ സഹായങ്ങൾ ചെയ്തു ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അവരോടുള്ള   നിസീമമായ കടപ്പാടും നന്ദിയും ഇവിടെ രേഖപെടുത്തുന്നു. ഗ്രാമചരിത്രമുണരുമ്പോൾ ഈ പുസ്തകത്തിൽ ചില പോരായ്മകൾ ഉണ്ടായേക്കാം അതെല്ലാം അടുത്ത പതിപ്പിൽ പരിഹൃതമാക്കാമെന്ന വിശ്വാസത്തോടെ ഏഴോം പഞ്ചായത്തിലെ ജനങ്ങൾക്കായി ഈ പുസ്തകം സമർപ്പിക്കുന്നു. 

സി.വി.കുഞ്ഞിരാമൻ.

പ്രസിഡണ്ട്  - 2010 - 2015

ഏഴോം ഗ്രാമപഞ്ചായത്ത്.      


ഗ്രാമ ചരിത്രമുണരുമ്പോൾ ആമുഖം......

ഏഴോം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 1996 ൽ പുറത്തിറക്കിയ വികസന രേഖയാണ് ഇങ്ങിനെ ഒരു ഗ്രാമ ചരിത്രം തയ്യാറാക്കുന്നതിന് പ്രചോദനമായത്. 2008 -2009 ലാണ് ചരിത്ര രചന പദ്ധതിയനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കു ആരംഭം കുറിക്കുന്നത്.  വിവരങ്ങൾ ശേഖരിക്കുന്ന ശ്രമകരമായ പ്രവർത്തനവും തുടർ പ്രവർത്തനങ്ങളുമെല്ലാം ജനകീയ കൂട്ടായ്‌മയിലൂടെ നടക്കണം എന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 2008   നവംബർ 2 ന് വിപുലമായ ഒരു കൺവെൻഷൻ ചേരുകയുണ്ടായി.  പ്രശസ്ത ചരിത്രകാരനും കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ:കെ.കെ.എൻ.കുറുപ്പായിരുന്നു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌തത്‌.  വിവര ശേഖരണത്തിന് വേണ്ടി പഞ്ചായത്തിനെ 6 മേഖലകളാക്കി തിരിച്ചു കൊണ്ട് കമ്മറ്റികളും, ചരിത്രരചനയ്ക്കായി പത്രാധിപ സമിതിയും രൂപീകരിക്കപ്പെട്ടു. പ്രാദേശിക ചരിത്ര രചനയുടെ പ്രസക്തിയും അതിന്റെ രീതിശാസ്ത്രവും വിശദീകരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുമായി ചരിത്ര ഗവേഷകരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ശിൽപ്പശാലയും സംഘടിപ്പിച്ചു.  തുടർന്ന് ഏഴോം ഗ്രാമചരിത്രത്തിന്റെ അടിവേരുകൾ അന്വേഷിച്ചു കൊണ്ട് ഗ്രാമത്തിലും ഗ്രാമത്തിനു പുറത്തുമുള്ള നിരവധി ആവേദകരെ കണ്ടു വിവരങ്ങൾ ശേഖരിക്കുകയുണ്ടായി.  വാ മൊഴികൾക്കു പുറമെ ബന്ധപ്പെട്ട വരമൊഴികളും സ്മാരകങ്ങളുമെല്ലാം പഠന-മനനങ്ങൾക്ക് വിധേയമാക്കി.

വർത്തമാന കാലവും ഭൂതകാലവും തമ്മിലുള്ള അനന്തമായ സംവാദമാണ് ചരിത്രം എന്ന് പറയാറുണ്ട്.  അത് സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ വിവേകപൂർവ്വം സഹായിക്കുന്നു.  ദേശീയ ചരിത്രവും പ്രാദേശിക ചരിത്രവും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സ്വഭാവം ഒരു പോലെയല്ല.  അന്വേഷണങ്ങളിൽ ദേശീയ ചരിത്രത്തിന്റെ വ്യവസ്ഥാപിത രീതിയും ആവേദകമൊഴിയെ ഉപയോഗപ്പെടുത്തുന്ന പ്രാദേശിക ചരിത്രത്തിന്റെ രീതിയും വ്യത്യസ്തമാണ്. ഗ്രാമീണ ജീവിതത്തിന്റെ ഹൃദയമിടിപ്പുകൾ ആവാഹിക്കുന്ന നാട്ടറിവുകൾ പോലെയുള്ള ഉപാദാനങ്ങൾ വിവേചനബുദ്ധിയോടെ പ്രാദേശിക ചരിത്രത്തിനു പ്രയോജനപ്പെടുത്താനാവും.    എങ്കിലും ദേശീയ ചരിത്രത്തെയും പ്രാദേശിക ചരിത്രത്തെയും പ്രത്യേകം കള്ളികളിലാക്കി മാറ്റി നിർത്തണമെന്ന അഭിപ്രായം ഞങ്ങൾക്കില്ല. രചനയുടെ ചില ഘട്ടങ്ങളിൽ രണ്ടും പരസ്പ്പര പൂരകങ്ങളാണ്‌.  

ഒരു ഗ്രാമത്തിന്റെ ചരിത്രവും സംസ്ക്കാരവും തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് തികച്ചും ഭിന്നമാകില്ലെങ്കിലും ഓരോ ഗ്രാമത്തിനും അതിന്റെതായ സവിശേഷതകൾ ഉണ്ടാവും.  രാജവാഴ്ചയും നാടുവാഴിത്തവും ജാതിവ്യവസ്ഥയും ഒരു കാലത്ത് നമ്മുടെ ഗ്രാമീണ ജീവിതത്തെ ഏറെ സ്വാധീനിച്ച ഘടകങ്ങൾ ആയിരുന്നു.  ഇത്രയധികം കോവിലങ്ങൾ ഉണ്ടായിരുന്ന ഒരു ഗ്രാമം.കണ്ണൂർ ജില്ലയിലോ, സമീപ ജില്ലകളിലോ ഉണ്ടായിരുന്നതായി അറിവില്ല.  അടുത്തില, ചെങ്ങൽ പ്രദേശങ്ങളിലായി ചുരുങ്ങിയത് 12 കോവിലകങ്ങളെങ്കിലും രാജവാഴ്‌ചയുടെ രണഭേരി മുഴക്കിയിരുന്നതായി ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.  

കോലത്തിരി രാജവംശം അതിന്റെ ആദ്യഘട്ടത്തിൽ പ്രതാപൈശ്യര്യങ്ങളോടെ വളർച്ചയിലേക്കുയരുന്നത് മടായി കോട്ട ആസ്ഥാനമാക്കി ഭരണമാരംഭിച്ചപ്പോഴാണ്.  വളപട്ടണം കോട്ട ആസ്ഥാനമാക്കുന്നതു പിന്നീടാണ്. അപ്പോഴും ആരൂഢദുർഗമെന്ന നിലയിൽ കോലത്തിരിമാരുടെ കിരീടധാരണം നടന്നത് മാടായിക്കോട്ടയിൽ വെച്ച് തന്നെയായിരുന്നു. എന്നാൽ മാടായിക്കോട്ടയുടെയും രാജഭരണത്തിന്റെയും യുദ്ധങ്ങളുടെയും അധികാരമോഹത്തിന്റെ എരിവും പുളിയും തികട്ടുന്ന കിടമത്സരങ്ങളുടെയും അതോടൊപ്പം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായി രാജകുടുംബത്തിൽ നിന്നുതന്നെ ഉയർന്ന പോർവിളികളുടെയും നീണ്ട ചരിത്രം അർഹിക്കുന്നതരത്തിൽ ഇതുവരെ വെളിച്ചം കണ്ടിട്ടേയില്ല.  അതിനു വേണ്ടിയുള്ള എളിയ ശ്രമങ്ങൾ ഈ രചനയിൽ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലേക്കും പിന്നെ മധ്യകേരളത്തിലേക്കും തിരുവനന്തപുരത്തേക്കും അന്വേഷണങ്ങൾ വ്യാപിപ്പിക്കുകയുണ്ടായി.  ഈ ചരിത്ര രചന പൂർത്തിയാക്കാൻ കാലവിളംബം നേരിട്ടതും തന്നെ.

ആധുനികകാലമായപ്പോഴേക്കും വിദേശഭരണത്തിന്റെയും അതോടൊപ്പം നാടുവാഴിത്തത്തിന്റെയും ജാതീയതയുടെയും പിടിയിലമർന്നു പിടയുന്ന നമ്മുടെ ഗ്രാമീണചേതനയെ മാനവികതയുടെ വിശാലവിഹായസ്സിലേക്കുയർത്താൻ നവോത്ഥാന-ദേശീയ പുരോഗമന പ്രസ്ഥാനങ്ങളും കർഷക തൊഴിലാളി പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നപ്പോൾ ഈ ശ്രമം ഏത് തരത്തിലുള്ള അടിച്ചമർത്തലുകൾക്കും തിരിച്ചടി നൽകുന്ന കരുത്തിന്റെ കോട്ടയായി മാറുകയായിരുന്നു.   

 ഈ പുസ്തകം ഈ ഗ്രാമത്തിന്റെ സമഗ്രചരിത്രമാണെന്നു ഞങ്ങൾ അവകാശപ്പെടുന്നില്ല തീരുമാനിച്ച വിഷയങ്ങൾ പലതും ചേർക്കാൻ സാധിച്ചിട്ടില്ല.  വേറെയും പോരായ്‌മകളുണ്ടാവാം.  എങ്കിലും ഇനിവരുന്ന ഗ്രാമ ചരിത്രകാരൻമാർക്ക്  ചെറിയൊരു മൺചിരാത് ഒരുക്കുവാൻ സാധിച്ചതിൽ വലിയൊരു ചാരിതാർഥ്യമുണ്ട്.   

ഈ സംരംഭം പൂർത്തിയാക്കാൻ എല്ലാവിധ സഹായസഹകരണങ്ങളും നൽകിയ പഞ്ചായത്ത് അധികൃതർക്ക് നന്ദി പ്രകാശിപ്പിക്കുന്നു.  വിവരശേഖരണം നടത്തിയ പ്രവർത്തകർ, ഓർമ്മകൾ പങ്കുവെച്ച ആവേദകർ, ഫോട്ടോകൾ എടുത്ത ഇന്ദു സ്റ്റുഡിയോ നെരുവമ്പ്രം, കണ്ണൻസ് സ്റ്റുഡിയോ ഏഴോം, കവർ ഡിസൈൻ & ലേ ഔട്ട് നിർവഹിച്ച സതീശൻ ഏഴോം അച്ചടി നിർവഹിച്ച കോ-ഓപ്പറേറ്റീവ് പ്രസ്, കണ്ണൂർ എന്നിവരോടുള്ള കടപ്പാടും ഈ അവസരത്തിൽ രേഖപെടുത്തുന്നു.

പ്രൊഫ: എം.വി. കണ്ണൻ 

ചീഫ് എഡിറ്റർ, ഗ്രാമചരിത്രമുണരുമ്പോൾ.

 ഏഴോം ഗ്രാമത്തിന്റെ ചരിത്രവിശേഷങ്ങൾ അടുത്ത ആഴ്ചയിലും തുടരും ...






     

Post A Comment: