വിദ്യാഭ്യാസം.

ഒരു രാഷ്ട്രത്തിന്റെ  വികസനത്തിന്റെയും   പുരോഗതിയുടെയും അടിസ്ഥാനമാണ് വിദ്യാഭ്യാസം..

വിദ്യാഭ്യാസകാര്യത്തിൽ ഇന്ത്യയേറെ പിറകിലാണെങ്കിലും നമ്മുടെ കേരളം ഏതൊരു വികസിത രാഷ്ട്രത്തിനൊപ്പവുമാണ്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ, ദേശീയ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ, ഭൂപരിഷ്ക്കരണം, വായനശാല, ഗ്രന്ഥശാലാപ്രസ്ഥാനങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടൽ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ കേരളത്തിലെ വിദ്യാഭ്യാസ വ്യാപനത്തിലും പുരോഗതിയിലും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ഏഴോം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസം അവലോകനം ചെയ്യുമ്പോൾ സമീപപ്രദേശങ്ങളെ അപേക്ഷിച്ച് അഭിമാനകരമായ മുന്നേറ്റമുണ്ടായതായി കാണാൻ കഴിയും. കേരളത്തിലെ മറ്റു പ്രദേശങ്ങളിലേതുപോലെ എഴുത്താശാന്മാരും നാട്ടുപള്ളിക്കൂടങ്ങളുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ നമ്മുടെ ഗ്രാമത്തിലും പൊതു വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്.ശ്രീ മാവില കേളു ഏഴ്ശ്ശൻ അടുത്തിലയിലും അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീ താഴത്തു വീട്ടിൽ ചിണ്ടൻ ഏഴ്ശ്ശൻ കണ്ണോത്തും ശ്രീ പരിയാരം ഏഴ്ശ്ശൻ കൊട്ടിലയിലും ഗുരുകുല സമ്പ്രദായത്തിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പ്രായമുള്ളവർ ഭക്ത്യാദരപൂർവ്വം അനുസ്മരിക്കുന്നു.അടുത്തിലയിലെ എഴുത്തുവീട് വളപ്പിൽ ശ്രീ കോരൻ ഏഴ്ശ്ശൻ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു. തുടർന്ന് 1895 ൽ എരിപുരം ചെങ്ങൽ സ്ക്കൂളിന്റെ സ്ഥാപനത്തിന് വഴിയൊരുക്കി. കണ്ണോം കുളവയലിന് പടിഞ്ഞാറുള്ള കുണ്ടുംകരവളപ്പിൽ കണ്ണോം ഏഴ്ശ്ശൻ 1911 ൽ സ്‌കൂൾ  സ്ഥാപിച്ച് വിദ്യാദാനം നൽകിയിരുന്നു.ഇത് പിന്നീട് കണ്ണോം എ.എൽ.പി. സ്‌കൂളിന്റെ സ്ഥാപനത്തിലേക്ക് വളർന്ന് വികസിച്ചു.

ഏഴോം മൂത്തേടത്തില്ലം, കണ്ണോം പാപ്പിനോട്ടില്ലം എന്നിവിടങ്ങളിൽ വെച്ചും സവർണ്ണ വിഭാഗം കുട്ടികളെ ശ്രീ കണ്ണോം ഏഴ്ശ്ശൻ വിദ്യ അഭ്യസിപ്പിച്ചിരുന്നു. മാടായിക്കാവിന് തെക്കുഭാഗത്തായി ക്ഷേത്രത്തിനടുത്തുണ്ടായ സ്‌കൂളാണ് ഇപ്പോൾ  ചെങ്ങലിൽ സ്ഥിതി ചെയ്യുന്ന മാടായിക്കാവ് എൽ.പി സ്‌കൂൾ. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീന ശേഷി വർദ്ധിച്ചപ്പോൾ അവർണ്ണരെ കൂടി സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി വിശേഷമുണ്ടായി. അപ്പോഴാണ് പ്രസ്തുത സ്‌കൂൾ ക്ഷേത്ര പരിസരത്തു നിന്നും മാറ്റി ചെങ്ങൽ പ്രദേശത്ത് സ്ഥാപിച്ചത്. 

ഏഴോം പഞ്ചായത്തിൽ വളരെ മുൻപ് തന്നെ സ്ഥാപിക്കപെട്ടവയാണ് ഏഴോം കൊട്ടില ബോർഡ് സ്‌കൂളുകൾ. ഏഴോം  ബോർഡ് സ്‌കൂൾ 'പെൺ സ്‌കൂൾ' എന്ന പേരിലും ചിലർ അനുസ്‌മരിക്കുന്നു. ഈ സ്‌കൂളാണ് പിന്നീട് ഗവ: വെൽഫയർ എൽ.പി. സ്ക്കൂളായി ഏഴോം മൂലയിൽ പ്രവർത്തിച്ചു വരുന്നത്.  കൊട്ടില ബോർഡ് സ്കൂൾ അപ്‌ഗ്രേഡ് ചെയ്‌ത്‌ കൊട്ടില ഗവ:യു.പി. ആയും തുടർന്ന് ഗവ:ഹൈസ്കൂളായും മാറി. ബോർഡ് സ്‌കൂളുകൾക്ക് ശേഷം സ്ഥാപിക്കപെട്ടവയാണ്. ഏഴോം ഗവ:മാപ്പിള എൽ.പി. നരിക്കോട് മാപ്പിള എൽ.പി എന്നീ സ്‌കൂളുകൾ. നരിക്കോട് ഗവ:മാപ്പിള എൽ.പി ചിറക്കൽ തമ്പുരാനാണ് 1927 ൽ ഉദ്‌ഘാടനം ചെയ്‌തത്‌. അടുത്ത കാലത്ത് ഏഴോം ഗവ:മാപ്പിള എൽ.പി സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്തത് യു.പി. സ്‌കൂളായി പ്രവർത്തിക്കുന്നു.സ്വാതത്ര്യന്തിനു മുൻപുതന്നെ സ്ഥാപിക്കപെട്ടവയാണ് ഏഴോം ഹിന്ദു എൽ.പി, നരിക്കോട് ന്യൂ എൽ.പി എന്നിവ.  നമ്മുടെ പഞ്ചായത്തിൽ ജനിച്ച് വളർന്ന് പഠിച്ച ആദ്യത്തെ അദ്ധ്യാപകനായ ദേർമ്മാൽ മാഷാണ്  ഏഴോം ഹിന്ദു എൽ.പി സ്‌കൂൾ സ്ഥാപിച്ചത്. അദ്ധ്യാപനരംഗത്തെ സമർപ്പണബുദ്ധ്യായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിന്നും സ്‌മരിക്കുന്നു. നരിക്കോട് ന്യൂ എൽ.പി സ്ഥാപിക്കുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന സ്‌കൂളിൽ അവർണ്ണർക്കുകൂടി പ്രവേശനം നൽകിയതിന് വിളറിപൂണ്ട ജന്മിത്തം പ്രസ്‌തുത സ്ക്കൂൾ അഗ്നിക്കിരയാക്കിയിരുന്നു. 1947 ൽ പുനസ്ഥാപിച്ച ന്യൂ എൽ.പി സ്‌കൂൾ പിന്നീട് അപ്‌ഗ്രേഡ് ചെയ്‌ത്‌ യു.പി.സ്‌കൂളായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ പഞ്ചായത്തിലെ രണ്ടു സ്‌കൂളാണ് ഓണപ്പറമ്പ് എൽ.പി.സ്‌കൂളും നെരുവമ്പ്രം യു .പി.സ്‌കൂളും. എരിപുരം ഹയർ എലിമെന്ററി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തുന്നതിനുവേണ്ടി ഡിസ്ട്രിക് ബോർഡിന് വിട്ടുകൊടുത്തുകൊണ്ടാണ് ശ്രീ എം.കെ ഗോവിന്ദൻനമ്പ്യാർ നെരുവമ്പ്രത്ത് എഴോത്തെ ആദ്യത്തെ എലിമെന്ററി സ്‌കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ മാനിച്ച് അദ്ധ്യാപകർക്കുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നമ്മുടെ പഞ്ചായത്തിലെ ഏക സാങ്കേതിക വിദ്യാലയമാണ് നെരുവമ്പ്രം ടെക്‌നിക്കൽ ഹൈസ്‌കൂൾ. നെരുവമ്പ്രത്ത് അടുത്തകാലത്തായി ആരംഭിച്ച അപ്ലൈഡ് സയൻസ് കോളേജ് നമ്മുടെ പഞ്ചായത്തിന്റെ മാറ്റു കൂട്ടിയിട്ടുമുണ്ട്.


6 എൽ.പി.,3 യു.പി..,1 ഹയർ സെക്കണ്ടറി.,  ടി.എച്ച്.എസ്. അപ്ലൈഡ് സയൻസ് കോളേജ് എന്നിവയാണ് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ജനകീയാസൂത്രണത്തിലൂടെ സർക്കാർ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങളും നിലവാരവും വളരെയേറെ മെച്ചപ്പെടുത്തുവാൻ സാധിച്ചിട്ടുണ്ട്. എസ്.എസ്.എ.പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഫർണിച്ചർ വാങ്ങിക്കുന്നതിനും അതുവഴി സ്‌കൂളുകളുടെ സൗകര്യങ്ങളിൽ  വമ്പിച്ച മാറ്റമുണ്ടായിട്ടുണ്ട്.കൂടാതെ എല്ലാ സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പ്രവർത്തനങ്ങളും തുടർച്ചയായി സംഘടിപ്പിച്ചു വരുന്നു.

മേഖലയുടെ ഇന്നത്തെ അവസ്ഥ.

ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ 12 വിദ്യാലയങ്ങൾ നിലവിലുണ്ട്. അതിൽ 7 എൽ.പി.സ്‌കൂൾ, 3 യു.പി.സ്‌കൂൾ , 1 ഹൈസ്‌കൂൾ ., 1 ടെക്‌നിക്കൽ സ്‌കൂൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 6 സ്‌കൂൾ സർക്കാർ ഉടമസ്ഥതയിലും ഉള്ളതാണ്. ഇത് കൂടാതെ ഒട്ടേറെ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും നമ്മുടെ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നു.  






 

Post A Comment: