കൃഷി 

ഹിമഗിരിയുടെ  മടിയിൽ നിന്നും ഉറവയെടുത്ത, കുപ്പം പുഴയെന്ന പേരിൽ ഒഴുകിയെത്തുന്ന പഴയങ്ങാടി പുഴ തഴുകിയെത്തുന്ന ഏഴോം തികച്ചും കാർഷിക പ്രാധാന്യമുള്ള ഒരു ഗ്രാമമാണ്. .

നോക്കെത്താദൂരത്ത് പരന്നു കിടക്കുന്ന വയലേലകളിൽ വടക്കൻ പാട്ടിന്റെ മടിശശീല  കിലുങ്ങുന്നു. 

കൃഷീവലന്റെ വായ്ത്താരിയിൽ താളത്തിലുള്ള കാളകളുടെ ചലനവും കാർഷിക ഗ്രാമത്തിന്റെ തനിമ നില നിർത്തുന്ന തെങ്ങും കവുങ്ങും, മാവും പിലാവും, വാഴയും തിങ്ങി നിറഞ്ഞ കരപ്പറമ്പുകൾ ഗ്രാമത്തെ ഐശ്വര്യ പൂർണ്ണമാക്കുന്നു.

ഒരു കാലത്ത് കണ്ണൂർ ജില്ലയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു ഏഴോം. ചിറക്കൽ താലൂക്കിലെ അക്യാബ് എന്നാണ് പണ്ടുകാലത്ത് പ്രദേശം അറിയപ്പെട്ടിരുന്നത്. 

വടക്ക് കുന്നിൻ പ്രദേശവും തെക്ക് പഴയങ്ങാടി പുഴയും അതിരായി പഴയങ്ങാടി മുതൽ കുപ്പം വരെ 4671 ഏക്കറയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമത്തിലെ ഭൂരിപക്ഷത്തിന്റെയും ജീവനോപാധി പണ്ട് കാലത്ത് കാർഷികവൃത്തി മാത്രമായിരുന്നു. 

നെല്ല്, കവുങ്ങ്, തെങ്ങ്, വാഴ, കുരുമുളക്, പയർ വർഗ്ഗങ്ങൾ,കിഴങ്ങുകൾ, വിവിധ പച്ചക്കറികൾ, എന്നിവ കഴിഞ്ഞകാലങ്ങളിൽ കൃഷി ചെയ്തിരുന്നു. ജനങ്ങളിൽ ഭൂരിഭാഗവും ഒരേക്കറിൽ താഴെ മാത്രം ഭൂമി കൈവശമുള്ളവരാണ്.

1930 ലെ സ്റ്റേറ്റ് മെന്റ് രജിസ്റ്റർ പ്രകാരം ഏഴോം പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും ചെറുതും വലുതുമായ 85 ഓളം ഭൂ ഉടമകളുടെയും ദേവസ്വങ്ങളുടെയും കൈവശമായിരുന്നു. 



ഭൂപരിഷ്കരണ നിയമം വന്നതോടെ ഈ അവസ്ഥ മാറുകയും 5260 ആളുകളുടെ പേരിലേക്കായി ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.കുടിയാന്മാർ ഭൂമിയുടെ ഉടമകളായി മാറിയത് പഞ്ചായത്തിലെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 

   

Post A Comment: